എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം; അവസാന തീയതി 23

എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം; അവസാന തീയതി 23

July 14, 2021 0 By Editor

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 23. സേ പരീക്ഷ തീയതി സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്ന് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഇത്തവണ റെക്കോര്‍ഡ് വിജയമാണ്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 99.47 ശതമാനമാണ് വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യമാണ്.

1,21,318 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം 41,906 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്. ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചതില്‍ 79,412 ന്റെ വര്‍ധന രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. 2214 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 4,21,887 പേരാണ് പരീക്ഷ എഴുതിയത്കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയ ശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഈവര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായത്.

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല കണ്ണൂരാണ്. 99.85 ശതമാനം. ഏറ്റവും കുറവ് വയനാട്. 98.13ശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കിട്ടിയത് മലപ്പുറത്താണ്്. ഗള്‍ഫില്‍ പരീക്ഷ എഴുതിയ 97.03 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.