ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ പരിപാടികൾ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ പരിപാടികൾ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

June 20, 2021 0 By Editor

ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടക്കുക. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാവിലെ 6.30 നാണ് പരിപാടി.പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൊറോണ രണ്ടാം വ്യാപനത്തിന്റെ ഭീഷണി പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരൺ റിജ്ജിജുവും പരിപാടിയിൽ പങ്കെടുക്കും. മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി യോഗയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 190 രാജ്യങ്ങളിലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 സാംസ്‌കാരിക കേന്ദ്രങ്ങളിൽ യോഗ ദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.