ഐഎസില്‍ ചേരാന്‍ നാടുവിട്ടവര്‍ക്ക് ചാവേര്‍ ആക്രമണങ്ങള്‍ക്കുള്‍പ്പടെ പരിശീലനം കിട്ടിയിട്ടുണ്ട് ; നാട്ടിലേക്ക് കൊണ്ടു വരുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ഐഎസില്‍ ചേരാന്‍ നാടുവിട്ടവര്‍ക്ക് ചാവേര്‍ ആക്രമണങ്ങള്‍ക്കുള്‍പ്പടെ പരിശീലനം കിട്ടിയിട്ടുണ്ട് ; നാട്ടിലേക്ക് കൊണ്ടു വരുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

June 13, 2021 0 By Editor

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ചാവേര്‍ ആക്രമണത്തിന് സ്ത്രീകള്‍ക്കുള്‍പ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഐഎസില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും.

ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്. എന്നാല്‍ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജന്‍സി പറയുന്നു. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച്‌ പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇവര്‍. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഈ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.