ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ലക്ഷദ്വീപ് പോലീസിനോട് മറുപടി തേടി ഹൈക്കോടതി

ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ലക്ഷദ്വീപ് പോലീസിനോട് മറുപടി തേടി ഹൈക്കോടതി

June 15, 2021 0 By Editor

കൊച്ചി : ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരണം തേടി ഹൈക്കോടതി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പോലീസിനോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത്. ഹർജി പരിഗണിക്കുന്നത് 17  തീയതിയിലേയ്ക്ക് മാറ്റി. ഹർജിക്കാരിയുടെ കൂടി ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിവെച്ചത്.

ജൂൺ 20 ന് ഹാജരാകാൻ കവരത്തി പോലീസ് ഐഷയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീതിയുണ്ടെന്നാണ് ഐഷ നൽകിയിരിക്കുന്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

രാജ്യദ്രോഹ പരാർശം നടത്തിയതിനാണ് കവരത്തി പോലീസ് ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത്. മീഡിയ വൺ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. തുടർന്ന് ചർച്ചയിലുണ്ടായിരുന്ന ബിജെപി പ്രതിനിധി പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഐഷ അതിന് തയ്യാറായില്ല. തുടർന്ന് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഐഷയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു.