കരിപ്പൂര്‍ അപകടം: ലഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ വിദേശക്കമ്പനിക്ക്

കരിപ്പൂര്‍ അപകടം: ലഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ വിദേശക്കമ്പനിക്ക്

August 11, 2020 0 By Editor

കോഴിക്കോട്: കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ ലഗേജുകള്‍ വീണ്ടെടുത്ത് ഉടമകള്‍ക്കു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി യുഎസ് കമ്പനിയായ കെന്യോണ്‍ ഇന്റര്‍നാഷണലിന്റെ സേവനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തേടിയിരിക്കുന്നത്.
ദുരന്തസമയങ്ങളില്‍ അടിയന്തിരസഹായ സേവനങ്ങൾ നല്‍കുന്നതില്‍ രാജ്യാന്തര തലത്തില്‍ പരിചയസമ്പത്തുള്ള ഏജന്‍സിയാണ് കെന്യോണ്‍ ഇന്റര്‍നാഷണല്‍. വലിയ അപകടങ്ങളില്‍ നൂതന സാങ്കേതികവിദ്യയിലൂടെ ബാഗേജുകള്‍ തിരിച്ചറിയുന്നതില്‍ ഏജന്‍സിക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ സേവനം നല്‍കുന്ന ലോകത്തെ ചുരുക്കം ചില ഏജന്‍സികളിലൊന്നാണിത്.
ബാഗേജുകള്‍ വീണ്ടെടുക്കാനായി കെന്യോണ്‍ ഇന്റര്‍നാഷണലുമായി തങ്ങളുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കരാറിലെത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യയുടെ സഹായത്തോടെയാണു കെന്യോണ്‍ ഇന്റര്‍നാഷണല്‍ ലഗേജുകള്‍ വേര്‍തിരിക്കുക. വിമാനാപകടങ്ങളെത്തുടര്‍ന്നുള്ള ദുരിതാശ്വാസ ഏകോപനത്തിനും പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ‘ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ’ മുംബൈ കേന്ദ്രമായാണു പ്രവര്‍ത്തിക്കുന്നത്. അപകടം നടന്നയുടന്‍ ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ സംഘം കരിപ്പൂരിലെത്തിയിരുന്നു.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ഹാന്‍ഡ് ബാഗേജുകളും കാര്‍ഗോ ഹോള്‍ഡിലെ ബാഗേജുകളും പ്രത്യേകമായിട്ടായിരിക്കും കെന്യോണ്‍ ഇന്റര്‍നാഷണല്‍ വീണ്ടെടുക്കുക. തുടര്‍ന്ന് ഇവ തരം തിരിച്ച്‌ പട്ടിക തയാറാക്കി യാത്രക്കാര്‍ക്കു ലഭ്യമാക്കാനാണു ശ്രമിക്കുക.
235 ബാഗേജുകളാണു വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. ഈ ഭാഗം അപകടത്തെത്തുടര്‍ന്ന് മണ്ണില്‍ പൂണ്ട് കിടക്കുകയാണ്. ഇവിടം വെട്ടിപ്പൊളിച്ചുവേണം ലഗേജുകള്‍ പുറത്തെടുക്കാന്‍. ഇതിനാവശ്യമായ ഉപകരണങ്ങള്‍ കെന്യോണ്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞദിവസം വിമാനത്തില്‍ കരിപ്പൂരിലെത്തിച്ചിരുന്നു.
അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നതിനാല്‍ കാര്‍ഗോ ഭാഗത്തെ ലഗേജുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുത്തശേഷം തരംതിരിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും. യാത്രക്കാര്‍ ദുബായില്‍ ചെക്ക് ഇന്‍ ചെയ്ത സമയത്ത് ലഭിച്ച വിവരങ്ങളും അവരില്‍നിന്ന് ഇനി ശേഖരിക്കുന്ന വിവരങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാവും ബാഗേജുകള്‍ വേര്‍തിരിക്കുക.