“ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്”; പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി റിയാസ്

“ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്”; പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി റിയാസ്

October 15, 2021 0 By Editor

തിരുവനന്തപുരം: സഭയിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് പറഞ്ഞതാണെന്നും അതിൽ നിന്ന് ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എം.എൽ.എമാർ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരരുതെന്ന് നിയമസഭയിൽ റിയാസ് പറഞ്ഞതിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. വിമർശനം ഉയർന്നതോടെ താൻ ഖേദം പ്രകടിപ്പിച്ചു എന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റിയാസ് പറഞ്ഞു. മന്ത്രി എന്ന നിലയിൽ ഇടത്പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാകില്ല. എംഎൽഎമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല. താൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും റിയാസ് പറഞ്ഞു.

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. ചില എം.എൽ.എമാർ മറ്റ് മണ്ഡലങ്ങളിൽ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത് ആലോചിച്ച് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറക്കത്തിൽ പറഞ്ഞതല്ല. അതുകൊണ്ട് ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. താൻ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ചില കരാറുകാർക്ക് ഉദ്യോഗസ്ഥർ സഹായം നൽകുന്നു.

അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നതാണ് ഇടതുപക്ഷ നിലപാട്. അതിൽ ഭരണകക്ഷി എംഎൽഎമാർ വിയോജിപ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.