ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ

ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ

October 29, 2021 0 By Editor

ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന്​ ബിനീഷ് കോടിയേരി ഇന്ന്​ ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ​വ്യാഴാഴ്ചയായിരുന്നു ബിനീഷിന്​ ജാമ്യം ലഭിച്ചത്​. എന്നാല്‍, ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന്​ പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. ഇതോടെ ജയിലില്‍നിന്ന്​ ഇന്ന്​ പുറത്തിറങ്ങാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

സഹോദരന്‍ ബിനോയി കോടിയേരിയും സുഹൃത്തുക്കളുമാണ്​ ബിനീഷിനെ പുറത്തിറക്കാന്‍ ബംഗളൂരിലെത്തിയത്​. അഞ്ച് ലക്ഷത്തിന്‍റെ രണ്ട് ആള്‍ജാമ്യമാണ് കോടതി വിധിച്ചിരുന്നത്. കര്‍ണാടകയില്‍ താമസിക്കുന്നവര്‍ വേണമെന്നായിരുന്നു വ്യവസ്​ഥ. ഇതിനായി ആളുകളെ കണ്ടെത്തിയെങ്കിലും അവസാന നിമിഷം അവര്‍ പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. അതേസമയം, കര്‍ശന ജാമ്യവ്യവസ്​ഥകള്‍ കാരണമാണ്​ ആദ്യം വന്നവര്‍ പിന്മാറിയതെന്നാണ്​ സൂചന.

പുതിയ ജാമ്യക്കാരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ശനിയാഴ്ച ബിനീഷിന്​​ പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.