തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസ് ക്രൂരത! റോഡിലിട്ട് തല്ലിച്ചതച്ച യുവാവ് കൊല്ലപ്പെട്ടു

June 23, 2021 0 By Editor

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സേലം ചെക്ക്പോസ്റ്റില്‍ വച്ച്‌ പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

റോഡില്‍ വെച്ചുള്ള മര്‍ദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനില്‍ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. ഇദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയരുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സേലത്ത് മദ്യക്കടകള്‍ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ക്രൂരമര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ പറഞ്ഞു.