തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം; പരശുവയ്ക്കൽ സ്വദേശിനി മരിച്ചു

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം; പരശുവയ്ക്കൽ സ്വദേശിനി മരിച്ചു

June 12, 2022 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ചെള്ളുപനി മരണം. ‌മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിതയാണു (38) മരിച്ചത്. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കേസാണിത്.

ആറാം തീയതിയാണ് പനിയെ തുടർന്ന് സുബിത നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്കു പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു.

വര്‍ക്കല സ്വദേശിനി അശ്വതി കഴിഞ്ഞയാഴ്ച ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.