തേഞ്ഞിപ്പാലം കോവിഡ് കണ്ടെയ്ന്മെന്റ് സോണായി; പരീക്ഷകള്‍ മാറ്റി വെച്ചു

October 26, 2020 0 By Editor

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമുള്ള പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 27 മുതല്‍ നവംബര്‍ രണ്ട് വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റി വെച്ചു. സ്‌പെഷ്യല്‍ പരീക്ഷകളടക്കം നടക്കില്ല. 27, 28, 30, നവംബര്‍ രണ്ട് എന്നീ തിയ്യതികളിലെ പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.സി ബാബു അറിയിച്ചു.

നവംബര്‍ മൂന്ന് മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. സര്‍വകലാശാലയുടെ ആസ്ഥാനമുള്‍പ്പെടുന്ന തേഞ്ഞിപ്പലം, ചേലേമ്പ്ര , പള്ളിക്കല്‍ പഞ്ചായത്തുകള്‍ കണ്ടയ്ന്മെന്റ് സോണായതിനാല്‍ തിങ്കളാഴ്‌ച്ച ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ആവശ്യ സര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടര്‍ ആന്‍ഡ് ഇലക്‌ട്രിസിറ്റി ) വിഭാഗം, പരീക്ഷാഭവന്‍ , ഫിനാന്‍സ് (ശമ്ബളം പെന്‍ഷന്‍, എന്നിവക്ക് ) തുടങ്ങിയവ മാത്രമേ പ്രവര്‍ത്തിക്കൂ . ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. ഔദ്യോഗിക യോഗങ്ങളും മാറ്റിവെച്ചു.