‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’; അര്‍ജന്‍റീനയുടെ ജയത്തില്‍ ആവേശത്തിൽ  മണിയാശാന്‍

‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’; അര്‍ജന്‍റീനയുടെ ജയത്തില്‍ ആവേശത്തിൽ മണിയാശാന്‍

July 11, 2021 0 By Editor

അർജന്‍റീനയുടെ കടുത്ത ആരാധകനാനണ് മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അർജന്‍റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ നിറയുന്നത്. ഇത്തവണ അർജന്‍റീന കപ്പടിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏതായാലും ആരാധകർ കാത്തിരുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ ചിരവൈരികളായ ബ്രസീലിനെ തറപറ്റിച്ചതിന് പിന്നാലെ മണിയാശാന്‍റെ പ്രതികരണം ഫേസ്ബുക്കിൽ എത്തി. ‘നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’- എന്നാണ് ഫേസ്ബുക്കിൽ മണിയാശാൻ എഴുതിയത്.

അതേസമയം അർജന്‍റീന ജയിച്ചതിൽ സന്തോഷമുണ്ടെന്ന് എം എം മണി മത്സരശേഷം പ്രതികരിച്ചു. സാഹചര്യമെല്ലാം ഒത്തു. ഒരു ഗോൾ അർജന്‍റീന അടിച്ചു. ബ്രസീലിന് തിരിച്ചടിക്കാനും സാധിച്ചില്ല. ഇരു ടീമുകളും നന്നായി കളിച്ചതായും എം എം മണി പറഞ്ഞു. തിരിച്ചടിക്കാൻ ബ്രസീൽ നല്ല ശ്രമം നടത്തിയെങ്കിലും അതെല്ലാം തടയാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ജയത്തിൽ അർജന്‍റീനയുടെ ഗോൾകീപ്പർ നല്ല പങ്കു വഹിച്ചു. മെസിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോൾ, ആര് ഗോളടിച്ചുവെന്നതല്ല, ടീം ജയിച്ചോയെന്നതാണ് പ്രശ്നം എന്നായിരുന്നു മണിയാശാന്‍റെ മറുപടി.

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലും നന്നായി കളിച്ചെന്ന് അദ്ദേഹം പറഞ്ഞു. അർജന്‍റീന ഒരു ഗോളിന് ജയിച്ചു, കുറേ വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ഒരു കപ്പ് കിട്ടുന്നത്. ഈ മികവ് നിലനിർത്താൻ അർജന്‍റീന ശ്രമിക്കണം. തിരിച്ചടിയിൽ നിന്ന് തിരിച്ചുവരാൻ ബ്രസീലിനും കഴിയണം. ഇതൊക്കെ ഒരു നല്ല മനസോടു കൂടി കണ്ടാൽ മതി. വാശിയുടെയൊന്നും ആവശ്യമില്ലയെന്ന് മണിയാശാൻ പറഞ്ഞു. ഇന്ന് രാവിലെ മത്സരം തുടങ്ങിയതു മുതൽ ഫേസ്ബുക്ക് പോസ്റ്റുകളുമായി മണിയാശാൻ സജീവമായിരുന്നു.