പൂച്ചകളുടെ കൂട്ടക്കരച്ചിൽ രക്ഷിച്ചത്  അഴുക്കുചാലിൽ കിടന്ന ചോരക്കുഞ്ഞിനെ

പൂച്ചകളുടെ കൂട്ടക്കരച്ചിൽ രക്ഷിച്ചത് അഴുക്കുചാലിൽ കിടന്ന ചോരക്കുഞ്ഞിനെ

November 18, 2021 0 By Editor

മുംബൈ: പൂച്ചകൾ നൽകിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവൻ. മുംബൈയിലെ പന്ത്നഗറിലാണ് സംഭവം നടന്നത്. അഴുക്കുചാലിൽ നിന്നു പൂച്ചകൾ കൂട്ടമായി കരയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ്.

പൂച്ചകൾ വല്ലാതെ ബഹളം വയ്ക്കുന്നത് അറിഞ്ഞ് പരിശോധിക്കാൻ എത്തിയതായിരുന്നു മുംബൈ പൊലീസിന്റെ നിർഭയ സ്ക്വാഡ് അംഗങ്ങൾ. ഇവർ നഗരത്തിൽ പതിവ് പരിശോധനയ്ക്ക് ഇറങ്ങുമ്പോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴാണ് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് അഴുക്കുചാലിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. ജീവനുള്ള കുഞ്ഞിനെ കണ്ടാണ് പൂച്ചകൾ കൂട്ടമായി കരഞ്ഞ് ജനങ്ങളുടെ ശ്രദ്ധ നേടിയത്. പൊലീസുകാർ രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. കുഞ്ഞുമായി പൊലീസുകാർ നിൽക്കുന്ന ചിത്രങ്ങൾ മുംബൈ പൊലീസ് ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.