പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ

March 31, 2022 0 By Editor

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ നൽകിയ പരിശീലനം വിവാദമായതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

പാകിസ്ഥാനെ പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തി പരിശീലനം നൽകിയതെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പരിശീലകർക്കുള്ള ഉപഹാരം ഇവർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണ്. കേരളത്തിൽ പോലീസിനെ മാത്രമല്ല എല്ലാ സർക്കാർ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത പോലീസുകാരനെ ബിജെപിയുടെ സമ്മർദ്ദഫലമായി സർവ്വീസിൽ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആലുവ തോട്ടയ്‌ക്കാട് പ്രിയദർശിനി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഗ്നിശമന സേന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന പേരിലായിരുന്നു പരിശീലനം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് അഗ്‌നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.