പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല ; രമേശ്‌ ചെന്നിത്തല തന്നെയാണ് മികച്ച നേതാവ്, പുതിയ പ്രതിപക്ഷ നേതാവില്‍ അതൃപ്‌തിയെന്ന് മാണി സി കാപ്പന്‍

June 18, 2021 0 By Editor

കോട്ടയം: രമേശ്‌ ചെന്നിത്തലയെ പ്രശംസിച്ചു കൊണ്ട് മാണി സി കാപ്പന്‍ രംഗത്ത്. ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ്‌ ചെന്നിത്തല എന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി യു.ഡി.എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് മാണി സി കാപ്പന്റെ ഈ പ്രതികരണം.

തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ എന്‍.സി.കെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ തീരുമാനം ഉടന്‍ ഉണ്ടാകും. ആ പേരിനു പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. പുതിയ പ്രതിപക്ഷ നേതാവിനോടുള്ള കാപ്പന്റെ ഈ അതൃപ്തി കോണ്‍ഗ്രസില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ഇടയായേക്കാമെന്ന് സൂചനയുണ്ട്.