മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ

മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ

June 26, 2022 0 By Editor

മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ

ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങകളിൽ ഒന്നാണ് മിയാസക്കി മാങ്ങകൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ദമ്പതികളാണ് തങ്ങളുടെ പക്കലുള്ള അപൂർവ്വ മാവിന് അതിസുരക്ഷയൊരുക്കിയത്. രണ്ട് മാവുകളാണ് ദമ്പതികളുടെ വീട്ടിലുള്ളത്. ഇവയിലുണ്ടാകുന്ന മാങ്ങകൾ മിയാസക്കി എന്ന പേരിൽ അറിയപ്പെടുന്നു. റൂബിയുടെ നിറമാണ് ഈ മാങ്ങയ്‌ക്കെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില. അപൂർവ മാവിൻ തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളും കാവൽ നിർത്തിയിരിക്കുകയാണ് ദമ്പതികൾ.

വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദമ്പതികൾക്ക് മാവിൻ തൈ നൽകിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളർത്തണമെന്നും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ കൊണ്ടുവന്ന് നടുമ്പോഴും ഇത്രമാത്രം വിലപ്പെട്ട മാവിൻ തൈകൾ ആയിരുന്നുവതെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞില്ല. ദാമിനി എന്ന് പേരിട്ടാണ് ദമ്പതികൾ മാവിൻ തൈ നട്ടുവളർത്തിയത്.

ജപ്പാനിൽ കണ്ടുവരുന്ന വിലപ്പെട്ട മിയാസക്കി മാങ്ങയാണിതെന്ന് വർഷങ്ങൾക്കിപ്പുറം ദമ്പതികൾ തിരിച്ചറിഞ്ഞു. രണ്ട് വർഷം മുമ്പ് പ്രദേശത്തെ ചില കള്ളന്മാർ ചേർന്ന് മാങ്ങ മോഷ്ടിച്ചിരുന്നു. ഇതോടെയാണ് മാവിനെ സംരക്ഷിക്കാൻ അതിസുരക്ഷയൊരുക്കാനുള്ള തീരുമാനം ദമ്പതികൾ സ്വീകരിച്ചത്.

എത്രരൂപ തരാമെന്ന് പറഞ്ഞാലും മാങ്ങ വിൽക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പുതിയ മാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ ഈ മാങ്ങകളെല്ലാം തങ്ങൾക്ക് ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഹോർട്ടികൾച്ചർ വകുപ്പ് ദമ്പതികളുടെ പക്കലുള്ള മാങ്ങ മിയാസക്കിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിമധുരമുള്ള മാങ്ങയാണിത്. കാഴ്ചയിലും അത്യധികം വ്യത്യസ്ഥത പുലർത്തുന്ന മാങ്ങയുടെ ഉൽപാദനം വളരെ സാവധാനമാണെന്നും ഹോർട്ടികൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.എസ് കടാര അറിയിച്ചു.