`മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്; മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണം`; കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഗവര്‍ണര്‍

`മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്; മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണം`; കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഗവര്‍ണര്‍

March 15, 2022 0 By Editor

ഡൽഹി: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രവാചകന്‍റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ഗവർണർ മുമ്പ് പറഞ്ഞിരുന്നു.

ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു.

അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.