വിദ്യാര്‍ത്ഥിനികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ കോളേജുകളില്‍ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

വിദ്യാര്‍ത്ഥിനികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ കോളേജുകളില്‍ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

September 17, 2021 0 By Editor

തിരുവനന്തപുരം: കേരളത്തിൽ ഭീകരവാദ സംഘടനകൾ വേരുറപ്പിക്കുന്നുവെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്നുവെന്ന് സിപിഎം പറയുന്നു. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുവെന്നും പാർട്ടി പറയുന്നു. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി സിപിഎം നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പാല ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് മുമ്പാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്‍കിയത്.

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

ക്രൈസ്തവരില്‍ ചെറിയൊരുവിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്രവിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളില്‍ ഇടപെടണമെന്നും സിപിഎം നിര്‍ദേശിച്ചു. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്‌ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുവരുമ്പോഴാണ് വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.

ക്ഷേത്രക്കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രവാർഡുകൾ തുടർച്ചയായി ജയിച്ചുവരുന്ന സ്ഥിതിവിശേഷം ഇതിന്റെ ഭാഗമാണ്. ഈ രീതി ഇല്ലാതാക്കുന്നതിന് കഴിയുന്നവിധം ആരാധനാലയങ്ങളിൽ ഇട പെടുന്നതിന് കഴിയേണ്ടതുണ്ട്. അക്രമണോത്സുകമായ പ്രവർത്തനങ്ങളിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ പ്രത്യേകിച്ചും ചെറുപ്പക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാനാവണം. വർഗ്ഗീയതയ്‌ക്കെതിരായുള്ള പ്രചാരണങ്ങൾ മതവിശ്വാസത്തിനെതിരായി മാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മതവിശ്വാസികൾ പൊതുവിൽ വർഗ്ഗീയതയ്‌ക്കെതിരാണെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കി ഇടപെടാനാവണമെന്നും കുറിപ്പിൽ പറയുന്നു.