വിവാഹം മോചനം ആവശ്യപ്പെട്ടതിലുള്ള പ്രതികാരമായി പരപ്പനങ്ങാടിയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

July 30, 2021 0 By Editor

മലപ്പുറം: പരപ്പനങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 75000 രൂപ പിഴയും. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിനു സമീപം താമസിച്ചിരുന്ന കോടക്കളത്തില്‍ ഷൈനിയെ (32) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ഫറോക്ക് പെരുമുഖം പുത്തൂര്‍ ഷാജി (42) എന്നയാളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവാഹം മോചനം ആവശ്യപ്പെട്ടതിലുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പിന്നീട് സമ്മതിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഷൈനിയെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യമാതാവിനെയും ഷാജി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഷൈനിയുടെ മാതാവിനെ മര്‍ദ്ദിച്ചതിന് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നാലു വര്‍ഷം തടവും 25,000 രൂപയും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരേ കൊലപാതകം, അതിക്രമിച്ചുകയറല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 2013 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടില്‍നിന്ന് ഷൈനി പരപ്പനങ്ങാടിയില്‍ അമ്മയോടൊപ്പം താമസമാക്കി. പിന്നാലെ വിവാഹമോചനത്തിന് കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറി ഷൈനിയെ, ഷാജി കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ എത്തിയ ഷാജി കത്തി കൊണ്ട് ഷൈനിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മേശയുടെ കാലു കൊണ്ട് തലയ്ക്കടിച്ച്‌ മരണം ഉറപ്പാക്കി. അക്രമം തടയാനെത്തിയ അമ്മ കമലയെയും ഇയാള്‍ മേശയുടെ കാല്‍ കൊണ്ട് അടിക്കുകയായിരുന്നു.