ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലുന്ന  ആശയുടെ ജീവിതം

ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലുന്ന ആശയുടെ ജീവിതം

July 19, 2021 0 By Editor

ജയ്പൂര്‍: ശുചീകരണ തൊഴിലാളിയായ 40കാരി ആശ കണ്ഡാര, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. ശുചീകരണ തൊഴിലാളിയില്‍ നിന്നും ഡെപ്യൂട്ടി കളക്ടറായ ആശയെയാണ് സമൂഹമാധ്യമം തിരയുന്നത്. രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം നേടിയ ആശ മറ്റൊരു പെണ്‍കരുത്താണ്.

1997ലായിരുന്നു ആശയുടെ വിവാഹം. എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളെ എങ്ങനെ വളർത്തുമെന്ന ചോദ്യത്തിന് മുന്നിൽ ആശ തളർ‌ന്നില്ല. മാതാപിതാക്കൾ ആശയ്‌ക്കൊപ്പം നിന്നു. 2016ൽ ബിരുദ പഠനം പൂർത്തിയാക്കി. ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശ കണ്ഡാര. 2018 ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം വന്നപ്പോൾ സന്തോഷം. തൊട്ടടുത്ത വർഷം മെയിൻ പരീക്ഷയും എഴുതി. കോവിഡ് മഹാമാരിയെ തുടർന്ന് ഫലം വരാൻ വൈകി. ജൂലൈ 13ന് ഫലം വന്നപ്പോൾ ഉയർന്ന വിജയം.

ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ആശ പറയുന്നു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു. പിതാവാണ് തനിക്ക് പ്രചോദമായതെന്ന് ആശ പറഞ്ഞു. ‘എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.’- അവർ കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹമെന്നും ആശ പറയുന്നു. പ്രതിസന്ധികളോട് പടവെട്ടി തന്നെയാണ് ആശയുടെ പിതാവ് രാജേന്ദ്ര കണ്ഡാരയും മുന്നേറിയത്. ദരിദ്രമായ കുടുംബാവസ്ഥയിലും പഠനത്തിൽ മുന്നിലായിരുന്നു അദ്ദേഹം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അക്കൗണ്ടന്റായാണ് അദ്ദേഹം വിരമിച്ചത്.