സില്‍വര്‍ലൈൻ: പൂര്‍ണ്ണ അനുമതിതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

സില്‍വര്‍ലൈൻ: പൂര്‍ണ്ണ അനുമതിതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

June 7, 2022 0 By Editor

തിരുവനന്തപുരം: സില്‍വര്‍ലൈന് അനുമതി തേടി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് കത്തയച്ചത്. ഡിപിആര്‍ സമര്‍പ്പിച്ച രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി.ജോയി ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്.

2020 ജൂണ്‍ 17-നാണ് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പദ്ധതിക്ക് അനുമതിയായിട്ടില്ല. സ്ഥലമെടുപ്പ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു, റെയില്‍വേയുമായി ചേര്‍ന്നുള്ള സംയുക്ത ഭൂമി പരിശോധനയ്ക്കുള്ള നടപടികളും ആയി. ഈ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ പദ്ധതിക്ക് പൂര്‍ണ്ണ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കല്ലിടല്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കല്ലിടലിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികളും താത്കാലികമായി മരവിച്ചുകിടക്കുകയാണ്. തൃക്കാക്കരയിലെ ജനവിധി എതിരായ നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഏത് രീതിയിലാകും സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് കണ്ടറിയേണ്ടതാണ്.