സ്വന്തം തൂവൽ കൊത്തി പറിക്കും; തമാശകൾ പറഞ്ഞിരുന്ന അവൾ ഇപ്പോൾ പറയുന്നത് ഗുഡ്ബൈ മാത്രം; ഉടമ മരിച്ചതോടെ വിഷാദത്തിന്റെ പിടിയിൽ പെട്ട ഒരു തത്തയുടെ കഥ

സ്വന്തം തൂവൽ കൊത്തി പറിക്കും; തമാശകൾ പറഞ്ഞിരുന്ന അവൾ ഇപ്പോൾ പറയുന്നത് ഗുഡ്ബൈ മാത്രം; ഉടമ മരിച്ചതോടെ വിഷാദത്തിന്റെ പിടിയിൽ പെട്ട ഒരു തത്തയുടെ കഥ

March 7, 2022 0 By Editor

വളർത്തുമൃഗങ്ങളും പക്ഷികളും നമ്മുടെ കുടുംബത്തിന്റെ തന്നെ ഒരു ഭാഗമാവാറുണ്ട്. വളർത്തുപക്ഷികളും ഉടമയും തമ്മിലുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ യുകെയിൽ നിന്നുള്ള ഒരു തത്തയാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടർന്ന് ഈ തത്ത വിഷാദാവസ്ഥയിലാണ്. ആഫ്രിക്കൻ ഗ്രേ വിഭാഗത്തിലുള്ള ഒൻപത് വയസുള്ള തത്തയാണ് വ്യത്യസ്ത രീതിയിൽ പെരുമാറുന്നതെന്ന് പുതിയ ഉടമ പറയുന്നു. യുകെയിലെ സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന തത്തയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.

തൂവലുകൾ സ്വയം കൊത്തി പറിക്കുന്നതും തത്ത പതിവായിക്കിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങൾ മൂലമാണ് തത്ത തൂവലുകൾ സ്വയം നശിപ്പിക്കുന്നതെന്നായിരുന്നു പുതിയ ഉടമ കരുതിയത്. എന്നാൽ കൂടുതൽ നിരീക്ഷിച്ചതിലൂടെയാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായതെന്ന് ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ വ്യക്തമാക്കി. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന ജെസി ഇപ്പോൾ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറല്ല. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേച്ചൽ തത്തയെ വാങ്ങാൻ തയ്യാറായി വന്നതെന്ന് അധികൃതർ പറഞ്ഞു.

ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേച്ചൽ പറഞ്ഞു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ രീതികൾ. മോശം വാക്കുകളും ചീത്ത പറയുന്നതും പതിവാണ്. തന്നെ കാണുമ്പോൾ പലതരം ശബ്ദം കേൾപ്പിക്കുകയും ശകാരിക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കുകയും ചെയ്യും. ചില സമയങ്ങളിൽ സ്വന്തം തൂവലുകൾ പറിച്ചെടുക്കുകയും കൂട്ടിൽ ശരീരം ഉരസുകയും ചെയ്യുന്നുണ്ടെന്ന് റേച്ചൽ പറയുന്നു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം തത്ത മോശം രീതിയിൽ പെരുമാറുകയും തൂവലുകൾ സ്വയം നശിപ്പിക്കുകയും ചെയ്തതെന്ന് ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ അധികൃതർ പറഞ്ഞു. പഴയ ഉടമയിൽ നിന്നുള്ള സ്നേഹമുള്ള പരിചരണം ലഭിക്കുന്നതിലൂടെ ജെസിയുടെ സ്വാഭാവ രീതികളിൽ മാറ്റം വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.