ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി; ഹർജി പരിഗണിച്ചില്ല

ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി; ഹർജി പരിഗണിച്ചില്ല

February 11, 2022 0 By Editor

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ നടക്കുന്നത് തങ്ങള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പതിനഞ്ചാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും അതിനാല്‍ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിയില്‍ ഉടന്‍ വാദംകേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് വിസ്സമ്മതിച്ചു. ഹിജാബ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്ലിം സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സും സുപ്രീം കോടതിയെ സമീപിച്ചത്.