100 രൂപാ അധികം കൊടുത്താൽ കുപ്പി വീട്ടിലെത്തും !; മൂന്നു ലീറ്റർ വരെ മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം

June 19, 2021 0 By Editor

അക്കൗണ്ടിൽ പണമിട്ടാൽ മൂന്നു ലീറ്റർ വരെ മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം. കോവിഡ് കാലത്ത് ഓൺലൈനായി മദ്യവിതരണം നടത്തുന്നതു പരിഗണിച്ച ബവ്റിജസ് കോർപ്പറേഷൻ വാക്കു മാറിയിടത്താണ് കൊച്ചി ഗാന്ധിനഗർ സ്വദേശി മോൻസി ജോർജിന്റെ വാഗ്ദാനം. നൂറു രൂപ അധികം സർവീസ് ചാർജായി നൽകണം കൊച്ചി നഗര പരിധിയിൽ നാലു കിലോമീറ്റർ മാത്രമായിരിക്കും സേവനം.ഇതു കാണിച്ചു കാർഡ് അടിച്ചു കൊച്ചിയിലെ മദ്യഷാപ്പുകൾക്കു മുന്നിലും മറ്റും വിതരണം ചെയ്തിട്ടുമുണ്ട് മോൻസി.

നിങ്ങളുടെ പ്രദേശത്ത് EK ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു മെസേജ് ചെയ്യുക

 

‘‘രാവിലെ എട്ടുമണിക്കു മുമ്പാണ് ഓർഡറെങ്കിൽ അന്നു തന്നെ ക്യൂ നിന്നു വീട്ടിലെത്തിക്കും. അല്ലെങ്കിൽ അടുത്ത ദിവസം മദ്യഷോപ്പിൽ നിന്നു വാങ്ങി ബില്ലു സഹിതം എത്തിച്ചു നൽകും. ഓർഡർ കൂടുതലുണ്ടെങ്കിൽ കൂടുതൽ ആളുകളെ ഇറക്കി ക്യൂവിൽ നിർത്തി മദ്യം വാങ്ങിപ്പിച്ചു വീടുകളിലെത്തിക്കും. ഇവിടെ പണിയില്ലാത്ത കുറെ ആളുകളുണ്ട്. ഇപ്പോൾ 100 രൂപയ്ക്ക് 1000 രൂപയുടെ വിലയുണ്ട്.’’ – ഫോണിൽ വിളിക്കുന്നവരോടു മോൻസി ഇതാണ് പറയുന്നത്. മൂന്നു ലീറ്റർ മദ്യം മാത്രമേ ഒരാൾക്കു വാങ്ങാനും കൈവശം വയ്ക്കാനും സാധിക്കൂ. അത്രയും മാത്രമേ വാങ്ങുകയും വീടുകളിൽ എത്തിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

മദ്യഷോപ്പുകളിൽ പൊലീസുകാരുടെ മുന്നിൽ വച്ചാണ് ഇതു വിതരണം ചെയ്തത്. നിയമലംഘനം ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ അവർക്കു കേസെടുക്കാമായിരുന്നല്ലോ? മോൻസി ചോദിക്കുന്നു.  എന്നാൽ മദ്യം ഒരാൾക്ക് സൗജന്യമായി നൽകിയാൽ പോലും അതു വിൽപ്പനയായാണ് നമ്മുടെ നിയമം പരിഗണിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ ഓൺലൈൻ ഇടപാട് നിയമവിരുദ്ധമാണെന്നും എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പറയുന്നു.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന നിലയിലാണ് നമ്മുടെ നയം. അത്യാവശ്യമുള്ളവർ വാങ്ങിക്കഴിക്കുക എന്നതല്ലാതെ വാങ്ങിക്കൊടുക്കാനോ, ഓൺലൈനായി എത്തിച്ചു കൊടുക്കാനോ ഒന്നും ലൈസൻസ് നൽകാനാവില്ല. ഇങ്ങനെ കീഴ്‍വഴക്കവും ഇവിടെ ഇല്ല. പൈസ കൂടുതൽ വാങ്ങി അങ്ങനെ ചെയ്യുന്നത് അനധികൃത വിൽപനയായി മാത്രമേ പരിഗണിക്കൂ.