23 വരെ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

September 17, 2018 0 By Editor

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍. ഈ മാസം 23 വരെയാണ് എട്ടോളം പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ടെണ്ണം ഭാഗികമായും നിര്‍ത്തലാക്കിയിരിക്കുന്നത്. ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ശക്തമായ സമരത്തിനൊരുങ്ങുകയാണ് യാത്രക്കാരുടെ സംഘടനകള്‍. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ റെയില്‍വേ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ജനങ്ങളുടെ യാത്രാ ദുരിതത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.

റെയില്‍വേ മന്ത്രിയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സംഘടനയ്ക്ക് ആലോചനയുണ്ട്. എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയും എംപിമാരെ പങ്കെടുപ്പിച്ചുമാണ് സമരപരിപാടികള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ എംഎല്‍എ മാരായിരിക്കും സമരം ഉദ്ഘാടനം ചെയ്യുക.

56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയിരിക്കുന്നത്. 56663 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്, 56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ എന്നിവ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്.