3.81 കോടി രൂപയുടെ  എം.ഇ.എസ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

3.81 കോടി രൂപയുടെ എം.ഇ.എസ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

October 22, 2020 0 By Editor

എം.ഇ.എസ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ സംഘടനയുടെ പ്രസിഡന്‍റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. 2011 – 12 കാലയളവിൽ മൂന്ന് കോടി 81 ലക്ഷം രൂപ രണ്ട് കമ്പനികൾക്ക് കൈമാറിയെന്നാണ് പരാതി. എം.ഇ.എസ് അംഗം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  2011 ഡിസംബറിൽ എം.ഇ.എസിന്‍റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്നു കോടി 70 ലക്ഷം രൂപ ടാക്സ് ഡെവലപ്മെൻറ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് കൈമാറിയെന്നാണ് പരാതിയുടെ അടിസ്ഥാനം. ഇ.എം.എസിന്‍റെ ഔദ്യോഗിക ഘടനകൾ ആയ എക്സിക്യൂട്ടീവോ ജനറൽബോഡിയോ അറിയാതെയാണ് ഈ ഫണ്ട് കൈമാറ്റം നടന്നിരിക്കുന്നത്. ഫസൽ ഗഫൂറിന്‍റെ മകൻ എംഡി ആയ ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്ന കമ്പനിക്ക് 2012 ഒക്ടോബറിൽ 11,62,500 രൂപയും കൈമാറിയിട്ടുണ്ട്. ആദ്യം നൽകിയ മൂന്നു കോടി 70 ലക്ഷം രൂപ രണ്ടര വർഷങ്ങൾക്ക് ശേഷം ഗഡുക്കളായി ആയി തിരികെ വന്നിട്ടുണ്ട്. രണ്ടാമത്തെ തുക തിരികെ എത്തിയിട്ടുമില്ല. ഈ കാലയളവിൽ സ്വകാര്യ ആവശ്യങ്ങൾക്കായി തുക വിനിയോഗം ചെയ്തതെന്നാണ് ആക്ഷേപം.

ആഗസ്റ്റ് 25 ന് നടക്കാവ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ വിശദീകരണം കേൾക്കാനായി ഹൈക്കോടതി ഇന്നത്തേക്ക് കേസ് മാറ്റി വെച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം പൊലിസ് ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഐപിസി 406, 408, 420 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എം.ഇ.എസ് പ്രസിഡന്‍റ് ഫസൽ ഗഫൂർ ആണ് ഒന്നാംപ്രതി. ജനറൽ സെക്രട്ടറി പി.ജെ ലബ്ബ രണ്ടാം പ്രതിയാണ്. പരാതിക്കാരനായ നവാസിന്‍റെ മൊഴി നടക്കാവ് പൊലീസ് രേഖപ്പെടുത്തി.