ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ

June 2, 2022 0 By Editor

മലപ്പുറം: ഹോട്ടലിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര സ്വദേശികളായ നാൽവർ സംഘം പൊലീസ് പിടിയിൽ. പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ , റമീസ് , മണ്ണിൽ വീട്ടിൽ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത്.

തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടൽ മൂന്നാഴ്ച മുൻപ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു നൽകിയ പരാതിയിൽ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നിർദേശാനുസരണം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എഎസ്ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇടക്കിടക്ക് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻറിന്റെ പരിശോധന നടക്കുന്ന സമയത്താണ് പുതിയ തട്ടിപ്പുമായി യുവാക്കൾ രംഗത്തെത്തിയത്. ഭക്ഷ്യസുരക്ഷാവകുപ്പിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ ഒത്തുതീർപ്പിനെന്നും പറഞ്ഞാണ് യുവാക്കൾ പണം ആവശ്യപ്പെടുന്നത്. നിരന്തരം പരിശോധന നടക്കുന്ന സമയമായതിനാൽ ബിസിനസിനെ ബാധിക്കുമെന്ന് പേടിച്ച് ഹോട്ടലുടമകൾ പണം നൽകാൻ നിർബന്ധിതരാകുകയായിരുന്നു. കഴിഞ്ഞ ദിവസം വേങ്ങരയിലെ ഒരു സ്ഥാപനത്തിൽ സമാനസംഭവം നടന്നത് സ്ഥാപന ഉടമ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പുസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ഭക്ഷണം കഴിച്ചശേഷം നാല് പേരടങ്ങിയ സംഘം ഇറച്ചിക്ക് മോശപ്പെട്ട മണമുള്ളതായി ക്യാഷ് കൗണ്ടറിൽ അറിയിക്കുകയും സംഘത്തെ ബന്ധപ്പെടാൻ മൊബൈൽ നമ്പർ നൽകി പോകുകയുമായിരുന്നു. ഉടമയെത്തിയ ശേഷം നൽകിയ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒത്തുതീർക്കാനെന്ന പേരിൽ 40,000രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തി നേരത്തെ വേങ്ങരയിൽ സമാനമായ രീതിയിൽ മറ്റൊരു സ്ഥാപനത്തിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ തകരാറുണ്ടായെന്നും അതോടെ കട അടക്കേണ്ടി വന്നുവെന്നും ഈ അവസ്ഥ വരാതിരിക്കാനാണ് തുക നൽകി ഒതുക്കുന്നതെന്നും പറഞ്ഞതോടെയാണ് സംഭവത്തിന് പിന്നിൽ ബ്ലാക്ക് മെയിൽ സംഘമാണെന്ന് വ്യക്തമായത്.