അഭിരാമിയുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കി; നില ഗുരുതരമാക്കിയതു മുഖത്തേറ്റ കടി

അഭിരാമിയുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കി; നില ഗുരുതരമാക്കിയതു മുഖത്തേറ്റ കടി

September 6, 2022 0 By Editor

പത്തനംതിട്ട: അഭിരാമിയുടെ നില ഗുരുതരമാക്കിയതു മുഖത്തേറ്റ കടി. മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ വളരെ കുറച്ചു സമയം മതിയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ഞരമ്പുകളുടെ അറ്റങ്ങൾ (നെർവ് എൻഡിങ്) കൂടുതലുള്ള ഭാഗമാണ് മുഖം. ഇവിടെ കടിയേൽക്കുമ്പോൾ നായയുടെ ഉമിനീരിലുള്ള വൈറസ് വളരെ വേഗം ഞരമ്പിലേക്കു പ്രവേശിക്കും. മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ പരമാവധി 4 മണിക്കൂർ മതി

5 മിനിറ്റിനകം കടിയേറ്റ ഭാഗത്തു സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി പരമാവധി വൈറസുകളെ ഇല്ലാതാക്കണമെന്നു വിദഗ്ധർ പറയുന്നു. മുഖത്തെ മുറിവിൽനിന്നു പേവിഷബാധ തലച്ചോറിലേക്കു വ്യാപിച്ചിട്ടുണ്ടാകാമെന്നു കോട്ടയത്തു കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും അറിയിച്ചിരുന്നു. മുഖത്താണു കടിയേൽക്കുന്നതെങ്കിൽ വൈറസിനെ നേരിട്ടു നശിപ്പിക്കുന്ന ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ വളരെ വേഗം കുത്തിവയ്ക്കണം. എന്നാൽ, കടിയേറ്റ് 4 മണിക്കൂറോളം വൈകി 10.55നാണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിക്ക് ഇമ്യൂണോഗ്ലോബുലിൻ കുത്തിവച്ചത്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ ഓക്സിജന്റെ അളവ് ഉയർത്താനുമുള്ള ചികിത്സകളാണു കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ നടത്തിയത്. രണ്ടാം തീയതി വൈകിട്ടാണ് കുഞ്ഞിനെ ഇവിടെ എത്തിച്ചത്. അസ്വാഭാവിക പെരുമാറ്റം എന്നതായിരുന്നു ആരോഗ്യപ്രശ്നം. മുഖത്തും ദേഹത്തും പട്ടി കടിച്ച പാടുകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷം അപ്പോൾ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചികിത്സ ആരംഭിക്കുകയും ചെയ്തെന്ന് സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞു.

മൂന്നാം തീയതി രാവിലെ രാവിലെ കുട്ടിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങി. ഒപ്പം രക്ത സമ്മർദവും ഹൃദയമിടിപ്പും വ്യത്യാസപ്പെട്ടു. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സ തുടരവേ തലച്ചോറിന്റെ പ്രവർത്തനം കുറയുന്നതായും തലച്ചോറിൽ വൈറസ് ബാധിച്ചെന്നും കണ്ടെത്തി. ഏതു വൈറസ് ആണെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും പരിശോധനാ ഫലം വരുന്നതു കാത്തുനിൽക്കാതെ ചികിത്സകൾ തുടർന്നു. ഇതിനിടെ സ്രവങ്ങൾ പുണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ആദ്യം ശിശുരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിച്ചത്. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം, സാംക്രമിക രോഗം, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോ മെഡിസിൻ, അനസ്തീസിയ, മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം പലതവണ കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി ചികിത്സ നൽകി. ഡോ.ജയപ്രകാശ് കൺവീനറും ഡോ.ജേക്കബ് ജോർജ്, ഡോ.സൈറോ ഫിലിപ്പ്, ഡോ.നെറ്റോ, ഡോ.ടി.ആർ രാധ എന്നിവർ അംഗങ്ങളുമായി അഞ്ചംഗ ബോർഡാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

ഇന്നലെ രാവിലെ കുട്ടിയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായി. ഉച്ചയോടെ മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ തന്നെ പുണെ വൈറോളജി ലാബോറട്ടറിയിലേക്ക് അയച്ച കുട്ടിയുടെ സ്രവ സാംപിളിന്റെ പരിശോധനാ ഫലം എത്തി, പേ വിഷബാധ സ്ഥിരീകരിച്ചു.