ഫുക്കുഷിമ ആണവനിലയ ദുരന്തത്തിന് എട്ട് വര്‍ഷം

ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ ദുരന്തത്തിന് 8 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്ലാന്റില്‍ അവശേഷിക്കുന്ന ആണവ മാലിന്യങ്ങള്‍ ഇനിയും പൂര്‍ണമായി നീക്കാനായിട്ടില്ല. പൊട്ടിത്തെറിച്ച റിയാക്ടറിന്റെ അന്തര്‍ഭാഗം തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളം…

By :  Editor
Update: 2019-03-08 23:54 GMT

ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ ദുരന്തത്തിന് 8 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്ലാന്റില്‍ അവശേഷിക്കുന്ന ആണവ മാലിന്യങ്ങള്‍ ഇനിയും പൂര്‍ണമായി നീക്കാനായിട്ടില്ല. പൊട്ടിത്തെറിച്ച റിയാക്ടറിന്റെ അന്തര്‍ഭാഗം തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളം 1000 കൂറ്റന്‍ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇത്രയും വെള്ളം പൂര്‍ണമായും ആണവമുക്തമാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ അഭിപ്രായം.

2011 മാര്‍ച്ച് 11 ന് ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 9 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും ഇതിന് പിന്നാലെയുള്ള സുനാമിയുമാണ് ഫുക്കുഷിമ തീരത്തെ ആണവ നിലയത്തിലെ അപകടത്തിന് വഴി തുറന്നത്. സുനാമിയെ തുടര്‍ന്ന് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പവര്‍ പ്ലാന്റ് തണുപ്പിക്കുന്നതിനുള്ള പമ്പുകള്‍ തകരാറായതിനെ തുടര്‍ന്ന് 1,2,3 പ്ലാന്റുകളില്‍ ആണവ ഇന്ധനം ഉരുകിയിറങ്ങുകയും ഹൈഡ്രജന്‍ വാതക സ്ഫോടനം ഉണ്ടാവുകയുമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷം പ്ലാന്റിലെ ആണവ വികിരണം ഇല്ലാതാക്കുന്നതിനും ശുചിയാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ആണവ പ്ലാന്റുകളുടെ അന്തര്‍ഭാഗം തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളം ആണവ നിലയ പരിസരത്തെ 1000 കൂറ്റന്‍ ടാങ്കുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ വെള്ളത്തിലെ റേഡിയോ ആക്ടിവിറ്റി ഇല്ലാതാക്കിയ ശേഷം കടലിലേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. എന്നാല്‍ വെള്ളത്തിന്റെ സംസ്കരണം പൂര്‍ത്തിയാക്കാന്‍ സ്ഥല പരിമിതിയും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് തടസ്സം. ആണവ വികിരണമുള്ള വെള്ളം സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മത്സ്യതൊഴിലാളികളുടെ ആശങ്ക.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/

Similar News