പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം

കോഴിക്കോട്: പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട…

By :  Editor
Update: 2019-12-22 23:08 GMT

കോഴിക്കോട്: പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി.പാളത്തില്‍ 50 മീറ്ററോളം ദൂരത്ത് കരിങ്കല്‍ കഷണങ്ങള്‍ നിരത്തിവെച്ചിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.

ശനിയാഴ്ച വൈകീട്ടാണ് പാളത്തില്‍ കല്ലുവെച്ചതെന്നാണ് സൂചന. വൈകി ഓടിയതിനാല്‍ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോള്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി എന്‍ജിന്‍ ഡ്രൈവർ പരാതി അറിയിക്കുകയായിരുന്നു . ഇതോടെയാണ് പരിശോധന നടത്തിയത്.

തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാന്‍ നിര്‍ദ്ദേശം നല്‍കി. രാത്രി തന്നെ കൊയിലാണ്ടിയില്‍ നിന്ന് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയറുടെയും വടകരയില്‍നിന്ന് ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തില്‍ കല്ലുകള്‍വെച്ചതായി കണ്ടത്. ഈ പരിശോധനയ്ക്കുശേഷം കുഴപ്പം പരിഹരിച്ചാണ് തീവണ്ടികള്‍ക്ക് വേഗത കൂട്ടിയത്.

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ക്‌ളിപ്പുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്. ആര്‍.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി കഴിഞ്ഞു.

Similar News