രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം; ഉണ്ടെന്ന് ഡോക്ടര്‍മാര്‍

ഡൽഹി; കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും രാജ്യത്ത് വൈറസിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുംബൈയിലും ഡല്‍ഹയിലും വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടന്നെന്ന വാദത്തെ സര്‍ക്കാര്‍…

By :  Editor
Update: 2020-06-11 06:38 GMT

ഡൽഹി; കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും രാജ്യത്ത് വൈറസിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുംബൈയിലും ഡല്‍ഹയിലും വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടന്നെന്ന വാദത്തെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
"സാമൂഹിക വ്യാപനം എന്താണെന്ന നിര്‍വചനത്തെ കുറിച്ച്‌ തന്നെ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്താണ് സാമൂഹിക വ്യാപനമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്ത്യയില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്കാണ് രോഗബാധയുണ്ടായത്. നഗരങ്ങളിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ രോഗികളുടെ എണ്ണം ഈ ശരാശരിയിലും അല്‍പം കൂടുതലാണ്. എങ്കിലുമത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലെത്തിയിട്ടില്ല," ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാതെ വരുന്ന ഘട്ടത്തിലാണ് സാമൂഹിക വ്യാപനം നടന്നതായി കണക്കാക്കുന്നത്. മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ കോവിഡ് മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലെത്തി എന്ന വാദങ്ങളുണ്ട്.
ഡല്‍ഹിയിലെ വലിയൊരു ശതമാനം രോഗികള്‍ക്ക് രോഗം എവിടെനിന്ന് വന്നു എന്ന കാര്യം കണ്ടെത്താനാകുന്നില്ല എന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ സിങ് പറഞ്ഞത്. എന്നാല്‍ ഡല്‍ഹിയില്‍ സാമൂഹിക വ്യാപനം നടന്നതായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ സാധിക്കൂവെന്നും സത്യേന്ദര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മുപ്പതിനായിരത്തോളം കോവിഡ് രോഗികളാണുള്ളത്. ഇതേ തോതിലാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ അരലക്ഷവും ജൂലൈ 31 ഓടെ അഞ്ചര ലക്ഷവുമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. മുംബൈയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോട് അടുക്കുകയാണ്. മുംബൈയിലെ 60 ശതമാനം ജനങ്ങള്‍ ചേരി പ്രദേശങ്ങളില്‍ കഴിയുന്നവരാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നഗരത്തില്‍ സാമൂഹിക വ്യാപനം നടന്നതായി പറയുന്നു.

Similar News