കാവിവത്കരണമില്ലെന്ന് കണ്ണൂർ സർവകലാശാല വിസി: സിലബസ് പരിശോധിക്കാൻ രണ്ടംഗ സമിതി

കണ്ണൂർ: എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. അധ്യാപകരുടെ കണ്ണിലൂടെ…

By :  Editor
Update: 2021-09-10 05:37 GMT

കണ്ണൂർ: എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കൽ സയൻസ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രൻ എന്നിവർക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പഠിച്ച ശേഷം സിലബസ് പിൻവലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു.

Full View

അതേസമയം സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തങ്ങൾ വേണ്ടിയിരുന്നില്ലെന്നും വിസി അഭിപ്രായപ്പെട്ടു. രണ്ട് പേരുടെ പുസ്തകങ്ങൾ മതിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും അവരുടെ നിർദ്ദേശ പ്രകാരം തുടർ നടപടി എടുക്കാമെന്നും മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News