5ജി ലേലം; നിരക്ക് വർധിപ്പിക്കാൻ ടെലികോം കമ്പനികൾ
കൊച്ചി: മൊബൈൽ ഫോൺ വിളിയുടെ നിരക്ക് വർധിപ്പിക്കാൻ ടെലികോം കമ്പനികൾ വീണ്ടും തയാറെടുക്കുന്നു. അഞ്ചാം തലമുറ (5ജി) സ്പെക്ട്രത്തിന്റെ 1.5 ലക്ഷം കോടി രൂപയുടെ ലേലം ഇന്നലെ…
കൊച്ചി: മൊബൈൽ ഫോൺ വിളിയുടെ നിരക്ക് വർധിപ്പിക്കാൻ ടെലികോം കമ്പനികൾ വീണ്ടും തയാറെടുക്കുന്നു. അഞ്ചാം തലമുറ (5ജി) സ്പെക്ട്രത്തിന്റെ 1.5 ലക്ഷം കോടി രൂപയുടെ ലേലം ഇന്നലെ പൂർത്തിയായതോടെ ടെലികോം കമ്പനികളുടെ ചെലവ് ഗണ്യമായി കൂടാനുള്ള സാഹചര്യം പരിഗണിച്ചാണ് വീണ്ടും ഒരു തവണ കൂടി നിരക്കുകൾ ഉയർത്താൻ ആലോചിക്കുന്നത്.
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാjiതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡഫോൺ ഐഡിയ എന്നിവയ്ക്ക് പുറമെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പും 5ജി സ്പെക്ട്രം വിൽപ്പനയിൽ സജീവമായി പങ്കെടുത്തിരുന്നു. അഞ്ചാം തലമുറ സ്പെക്ട്രം വാങ്ങുന്നതിന് കമ്പനികൾ ഇത്രയേറെ തുക ചെലവഴിക്കേണ്ടി വന്നതിനാൽ 5ജി സേവനങ്ങൾക്ക് ഉപയോക്താക്കൾ അധിക ചാർജ് നൽകേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഇതോടൊപ്പം കൂടുതൽ ഉപയോക്താക്കളെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കാൻ 4ജി നിരക്കുകളും ഗണ്യമായി വർധിപ്പിക്കാനാണ് സാധ്യതയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൊബൈൽ സേവനങ്ങളുടെ നിരക്കുകൾ കമ്പനികൾ രണ്ടു തവണ വർധിപ്പിച്ചിരുന്നു. എങ്കിലും ആഗോള മൊബൈൽ വിപണിയിൽ ടെലികോം സേവനങ്ങൾക്ക് ഇപ്പോഴും ഏറ്റവും താഴ്ന്ന നിരക്കുകൾ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഏതൊരു സാധാരണക്കാരനെയും ആകർഷിക്കാൻ കഴിയുന്ന തുച്ഛമായ തുകയ്ക്ക് ടെലികോം സേവനങ്ങൾ ലഭ്യമാക്കി വിപണി കീഴടക്കിയതാണ് ഇന്ത്യയിലെ മൊബൈൽ ഫോൺ ചാർജ് കുത്തനെ കുറയാൻ ഇടയാക്കിയത്.
ഇന്നലെ അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ നാല് പ്രമുഖ കമ്പനികളും ചേർന്ന് 51,236 മെഗാഹെട്സ് സ്പെക്ട്രം 1.5 ലക്ഷം കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതിൽ 88,078 കോടി രൂപയുടെ സ്പെക്ട്രം റിലയൻസ് ജിയോ കരസ്ഥമാക്കി. ഭാരതി എയർടെൽ 43,084 കോടി രൂപയുടെയും വൊഡഫോൺ ഐഡിയ 18,799 കോടി രൂപയുടെയും 5ജി സ്പെക്ട്രം സ്വന്തമാക്കി. നിലവിലുള്ള നിരക്കിനേക്കാൾ നാല് ശതമാനം അധികം തുക ഈടാക്കിയാൽ മാത്രമേ ടെലികോം കമ്പനികൾക്ക് പുതിയ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയുവെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
5ജി സേവനങ്ങൾ നൽകാനായി ടെലികോം കമ്പനികൾക്ക് വലിയ മൂലധന നിക്ഷേപം നടത്തേണ്ടതില്ലെങ്കിലും സ്പെക്ട്രം ചെലവിലെ വർധന കണക്കിലെടുത്ത് നിരക്കുകൾ സ്വാഭാവികമായും കൂടുമെന്ന് ടെലികോം കമ്പനികൾ പറയുന്നു. ഇതോടൊപ്പം 2ജി ടെലികോം വിപണി സാവധാനത്തിൽ അപ്രത്യക്ഷമാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 160 രൂപയെങ്കിലും എത്താതെ ഇന്ത്യൻ ടെലികോം മേഖലയ്ക്ക് ലാഭകരമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.