‘അയാൾ അക്രമാസക്തനാണ്, എന്റെ മകനെ മോശം കാര്യങ്ങൾ പഠിപ്പിച്ചു’: ബാഗിൽ മൃതദേഹത്തിനൊപ്പം കൺമഷി കൊണ്ടെഴുതിയ സുചനയുടെ കുറിപ്പ്

ബെംഗളൂരു: നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു യാത്ര ചെയ്തതിൽ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…

By :  Editor
Update: 2024-01-13 05:35 GMT

ബെംഗളൂരു: നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു യാത്ര ചെയ്തതിൽ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റുകൃത്യം പുനരാവിഷ്കരിക്കുന്നതിനായി വെള്ളിയാഴ്ച സുചനയെ ഗോവയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ചിരുന്നു.

ഏകദേശം രണ്ടര മണിക്കൂറിലേറെ സമയമെടുത്താണു കുറ്റകൃത്യം പുനരാവിഷ്കരിച്ചത്. മകൻ മുറിയിൽ എവിടെയാണ് കിടന്നതെന്നും കുട്ടിയെ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് എവിടെയാണ് സൂക്ഷിച്ചതെന്നും മൃതദേഹം എങ്ങനെ അതിനുള്ളിലാക്കിയെന്നും സുചന കാണിച്ചു തന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സുചനയിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന ഭർത്താവ്, മലയാളിയായ വെങ്കട്ടരാമൻ ഇന്നു കലൻഗുട്ട് പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയേക്കും. സുചനയുടെ സാധനങ്ങളിൽനിന്നു ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഐലൈനർ ഉപയോഗിച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വലിച്ചുകീറിയ നിലയിലാണ് ടിഷ്യു പേപ്പർ കണ്ടത്തിയത്.

‘‘മകനെ വിട്ടുനൽകാൻ കോടതിയും എന്റെ ഭർത്താവും എന്നെ സമ്മർദത്തിലാക്കുന്നു, എനിക്ക് ഇനി ഇതു സഹിക്കാൻ കഴിയില്ല. എന്റെ മുൻ ഭർത്താവ് അക്രമാസക്തനാണ്. അയാൾ എന്റെ മകനെ മോശം കാര്യങ്ങളാണ് പഠിപ്പിച്ചത്. അയാൾക്ക് ഒരു ദിവസം പോലും എന്റെ മകനെ വിട്ടുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’’– കുറിപ്പിൽ പറയുന്നു.

നേരത്തെ, സുചനയുടെ കൈയക്ഷരത്തിന്റെ സാംപിളുകൾ പൊലീസ് എടുത്ത് വിദഗ്ധരുടെ പരിശോധനയ്ക്കായി കുറിപ്പിനൊപ്പം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിരുന്നു. കൊല്ലുന്നതിനു മുൻപ് താരാട്ട് പാട്ട് പാടിയാണ് സുചന മകനെ ഉറക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Similar News