മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ്…

By :  Editor
Update: 2024-03-02 04:50 GMT

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഐപിസി 354, പൊലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു. സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യവും എടുത്തിരുന്നു.

Tags:    

Similar News