ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു ; പൂഴ്ത്തിവെച്ചത് 1401 സിവിൽ പൊലീസ് ഓഫിസർമാരുടെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 1401 സിവിൽ പൊലീസ് ഓഫിസർമാരുടെ കുറവെന്ന് റിപ്പോർട്ട്. മുൻ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പരാതിയിൽ ഡി.ജി.പിയുടെ നിർദേശപ്രകാരം ജില്ല…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 1401 സിവിൽ പൊലീസ് ഓഫിസർമാരുടെ കുറവെന്ന് റിപ്പോർട്ട്. മുൻ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പരാതിയിൽ ഡി.ജി.പിയുടെ നിർദേശപ്രകാരം ജില്ല പൊലീസ് മേധാവിമാർ നടത്തിയ പരിശോധനയിലാണ് സർക്കാർ പൂഴ്ത്തിവെച്ച ഒഴിവുകൾ കണ്ടെത്തിയത്.
കൂടുതൽ ഒഴിവുകൾ തിരുവനന്തപുരം ജില്ലയിലാണ് -301. എറണാകുളത്ത് 198ഉം കോഴിക്കോട് 150ഉം ഒഴിവുകളുണ്ട്. ഏറ്റവും കുറവ് പാലക്കാടാണ് -27. സ്റ്റേഷനുകളിലെ ജോലിഭാരം കുറയ്ക്കുന്നതിന് നിലവിലെ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട ബറ്റാലിയനിൽനിന്ന് നിമയനം നടത്തണമെന്ന് ജില്ല പൊലീസ് മേധാവിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.
സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ 62 ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തത്. ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 4600ഓളം പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്.
അതിന് മുൻപത്തെ റാങ്ക് ലിസ്റ്റിൽനിന്ന് 5610 പേർക്ക് നിയമന ശിപാർശ ചെയ്തിരുന്നു. ഒഴിവുകൾ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാരോപിച്ച് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാറിനുവേണ്ടി ഡി.ജി.പി ഡോ. ഷേഖ് ദർവേഷ് സാഹിബ് ചർച്ചക്ക് തയാറായതെന്നു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു
സ്റ്റേഷനുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശവും നൽകി. എന്നാൽ ഏപ്രിൽ 12ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ കണ്ണീരിൽ അവസാനിച്ചു.
തൊട്ടുപിന്നാലെ ഉദ്യോഗാർഥികളെ കൂട്ടത്തോടെ വെട്ടിനിരത്തി ഏപ്രിൽ 15ന് പി.എസ്.സി പുതിയ സി.പി.ഒ റാങ്ക് ലിസ്റ്റ് പുറത്തിറക്കി. ഏഴ് ബറ്റാലിയനുകളിലുമായി 6,647 ഉദ്യോഗാർഥികൾ മാത്രമാണ് ഇടംപിടിച്ചത്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും നിയമന ശിപാർശ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു