ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരു വർഷം; അംഗൻവാടി ജീവനക്കാരുടെ നിയമനം വൈകുന്നു
മുട്ടം: അംഗൻവാടികളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് വര്‍ക്കര്‍മാരെയും ഹെൽപര്മാരെയും നിയമിക്കാൻ ഒരു വർഷം മുമ്പ് ഇന്റര്‍വ്യൂ നടത്തിയെങ്കിലും നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപം. ഇടുക്കി ബ്ലോക്കിന് കീഴിലെ അറക്കുളം, കഞ്ഞിക്കുഴി…
മുട്ടം: അംഗൻവാടികളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് വര്‍ക്കര്‍മാരെയും ഹെൽപര്മാരെയും നിയമിക്കാൻ ഒരു വർഷം മുമ്പ് ഇന്റര്‍വ്യൂ നടത്തിയെങ്കിലും നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപം.
ഇടുക്കി ബ്ലോക്കിന് കീഴിലെ അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അംഗൻവാടികളിലാണ് നിയമനം വൈകുന്നത്. 2023 ജൂണിൽ ഉദ്യോഗാർഥികളുടെ ഇന്റര്‍വ്യൂ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളും പൂര്‍ത്തിയായതാണ്.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനോ നിയമനം നടത്താനോ അധികൃതര്‍ തയാറായിട്ടില്ല. നിയമനം വൈകുന്നതിനെക്കുറിച്ച് അപേക്ഷകര്‍ വിവരം തിരക്കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
ഇതേ തസ്തികകളിലേക്ക് ഏതാനും മാസം മുമ്പ് ആറ് മാസ കരാറില്‍ നിയമനം നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് പകുതിയോടെ ഇവരുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി താല്‍ക്കാലിക നിയമനം നടത്താനും അധികൃതര്‍ തയാറായില്ല.
ഇടുക്കി ഐ.സി.ഡി.എസിന്റെ കീഴില്‍ വരുന്ന രണ്ട് പഞ്ചായത്തുകളിലുമായി 50 ഓളം തസ്തികകളിലാണ് നിയമനം നടക്കേണ്ടത്. അറക്കുളം പഞ്ചായത്തില്‍ 31 അംഗൻവാടികള്‍ ഉണ്ട്. അതില്‍ നാലെണ്ണത്തിൽ വര്‍ക്കര്‍മാരുടെ ഒഴിവും 21 ൽ ഹെല്‍പ്പര്‍മാരുടെ ഒഴിവുമുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 19 ഹെല്‍പ്പര്‍മാരുടെയും അഞ്ച് വര്‍ക്കര്‍മാരുടെയും ഒഴിവുകളുമാണുള്ളത്.
ജോലിഭാരത്താല്‍ ദുരിതമനുഭവിക്കുകയാണ് നിലവിലുളളവര്‍. അധിക ചുമതലക്കായി നിയോഗിക്കപ്പെടുന്ന വര്‍ക്കര്‍മാര്‍ അവരുടെ സ്വന്തം അംഗൻവാടിയിലെ കാര്യങ്ങളും ചെയ്യണം.
ഇതിന് പുറമേ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന അംഗൻവാടികളുമുണ്ട്. ഇവര്‍ കുട്ടികളെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കല്‍, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, സാമൂഹിക അധിഷ്ഠിത പരിപാടികള്‍, രജിസ്റ്ററുകള്‍, ഫോണില്‍ ചെയ്യുന്ന വിവരങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തേണ്ടതുണ്ട്.
ഒരു കുട്ടിയെ ശുചിമുറിയിലേക്കും മറ്റുമായി കൊണ്ടുപോകുമ്പോള്‍ മറ്റു കുട്ടികളുടെ അടുത്ത് ആരും ഇല്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഈ സമയം മറ്റ് കുട്ടികളെ ശ്രദ്ധിക്കാന്‍ പറ്റാറില്ലെന്നതാണ് യാഥാർഥ്യം.