പേവിഷ പ്രതിരോധം: ആകെ കുത്തിവച്ചത് 1602 തെരുവുനായ്ക്കളെ മാത്രം; രണ്ട് ജില്ലകളിൽ ഒരു തെരുവ് നായ്ക്കു പോലും കുത്തിവെയ്‌പ്പെടുത്തിട്ടില്ല

പേവിഷ പ്രതിരോധം: ആകെ കുത്തിവച്ചത് 1602 തെരുവുനായ്ക്കളെ മാത്രം; രണ്ട് ജില്ലകളിൽ ഒരു തെരുവ് നായ്ക്കു പോലും കുത്തിവെയ്‌പ്പെടുത്തിട്ടില്ല

October 3, 2022 0 By Editor

സെപ്റ്റംബർ ഒന്ന് മുതൽ 29–ാം തീയതി വരെ സംസ്ഥാനത്ത് 1,89,202 നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. ഇതിൽ 1,87,600 നായ്ക്കൾ വീട്ടിൽ വളർത്തുന്നതും 1602 തെരുവ് നായ്ക്കളുമാണ്. വാർഡ് തോറുമുള്ള വാക്സീനേഷൻ ക്യാംപ് മുഖാന്തിരവും, മൃഗാശുപത്രികൾ വഴിയുമാണ് മൃഗസംരക്ഷണവകുപ്പ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.

ഏറ്റവും കൂടുതൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയത് പത്തനംതിട്ട ജില്ലയിലാണ് (31,072), തൊട്ട് പിന്നിൽ കൊല്ലം ജില്ല (28,090), ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ് (1620). ഇത് സംസ്ഥാനത്തെ വളർത്തു നായ്ക്കളുടെ എണ്ണത്തിന്റെ ഏകദേശം 30 ശതമാനം മാത്രമേ വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്ന ഉടമസ്ഥരെ കണ്ടെത്തി ശിക്ഷണ നടപടികളിലേക്കു കടക്കണം.

ആകെ 1602 തെരുവ് നായ്ക്കൾക്ക് മാത്രമാണ് കുത്തിവയ്പ് നൽകാൻ കഴിഞ്ഞത്. ഇതിൽ 519 പട്ടികളെ കോട്ടയം ജില്ലയിലാണ് കുത്തിവയ്പ് നൽകിയത്. തിരുവനന്തപുരത്തും വയനാടും ഒരു തെരുവ് നായയെപ്പോലും കുത്തിവയ്പിന് വിധേയമാക്കിയിട്ടില്ല. തെരുവു നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് നടപ്പിലാക്കാൻ പ്രായോഗികമായി ധാരാളം ബുദ്ധിമുട്ടുകളുണ്ട്. പട്ടി പിടിത്തക്കാരെ കണ്ടെത്തി പരിശീലനം നൽകി, അവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകി വേണം പദ്ധതി തുടങ്ങാൻ. അതിനു സമയമെടുക്കും. തെരുവിലെ 70 ശതമാനം പട്ടികളെയും വാക്സിനേറ്റ് ചെയ്താൽ മാത്രമേ പേവിഷബാധ ഒരു പരിധി വരെയെങ്കിലും നിയന്ത്രണവിധേയമാകുകയുള്ളൂ.

സർക്കാരിന്റെ പുതിയ ഓർഡർ പ്രകാരം ABC സെന്ററുകൾ തുടങ്ങുന്നതും, ഷെൽട്ടറുകൾ തുടങ്ങുന്നതും മാലിന്യസംസ്കരണവുമെല്ലാം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതലയാണ്. ഇക്കാര്യത്തിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. നിയമം നിഷ്കർഷിക്കുന്ന രീതിയിലുള്ള ABC സെന്ററുകൾ തുടങ്ങാൻ സമയമെടുക്കും.

നായ്ക്കൾക്കുള്ള ലൈസൻസ് ഫീസ് പഞ്ചായത്തുകൾക്ക് 50 രൂപ എന്ന നിരക്കിലേക്ക് ഉയർത്തിയിട്ടുണ്ട്. എന്നാൽ മുനിസിപ്പാലിറ്റി പരിധിയിൽ എത്രരൂപയെന്ന് പുതുക്കിയ ഓർഡറിൽ പ്രതിപാദിക്കുന്നില്ല. പലയിടങ്ങളിലും 150 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ ഈടാക്കുന്നുണ്ട്. അത് നായ്ക്കളുടെ ഉടമകളെ ലൈസൻസ് എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കും. ഉയർന്ന ലൈസൻസ് ഫീസ് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാവില്ല. അതുകൊണ്ടുതന്നെ നായ്ക്കളെ ഉപേക്ഷിക്കാൻ അവർ നിർബന്ധിതരാകുന്ന സാഹചര്യവും ഉണ്ടാകാം.