മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും

മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും

May 3, 2018 0 By Editor

കോഴിക്കോട്: കാലിക്കട്ട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ പ്രദര്‍ശനമേള ഇന്നു മുതല്‍ ഗാന്ധി പാര്‍ക്കില്‍ ആരംഭിക്കും. മുതലമടയിലെ അഗ്രോ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഇരുപത്തിയഞ്ചാമത് മേളയില്‍ 25ല്‍പരം വിഷരഹിത മാമ്പഴയിനങ്ങള്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 9.30ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും. മേയ് ഏട്ടിന് സമാപിക്കും. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

മുതലമടയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന അല്‍ഫോന്‍സ,ഹുദാദത്ത്, ബംഗനപ്പള്ളി, മല്‍ഗോവ, കാലാപ്പാടി, പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാന്‍ കഴിയുന്ന സോത്താപൂരി, പ്രയോര്‍, ചിന്ന സുവര്‍ണരേഖ, ബനറ്റ് അല്‍ഫോന്‍സ, ആനത്തലയന്‍,അമ്മിണി, മഹാരാജ പസന്ത്, നാ ന്‍ ചക്കരക്കട്ടി, ചന്ദ്രകാരന്‍, പേരയ്ക്ക മാങ്ങ, ജഹാംഗീര്‍, ഹിമായുദ്ദീന്‍, ബനിഷാന്‍, സങ്കര വര്‍ഗങ്ങളായ എച്ച് 4, എച്ച് 44, എച്ച് 151 തുടങ്ങിയവ വില്‍പ്പനയ്ക്കുണ്ടാവും.

വിവിധയിനം ഒട്ടുമാവിന്‍ തൈകള്‍, സപ്പോട്ട തൈകള്‍, ബഡ് ചെയ്ത നെല്ലിതൈകള്‍, മുന്തിരി തൈകള്‍, തേന്‍വരിയ്ക്ക പ്‌ളാവിന്‍ തൈകള്‍, അത്യുദ്പാപദനശേഷിയുള്ള പച്ചക്കറി വിത്തുകള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കുണ്ട്. ഞായറാഴ്ച വൈകിട്ട് നാലിന് മാന്പഴതീറ്റ മത്സരം നടക്കും. 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മത്സരമുണ്ട്. വിജയികള്‍ക്ക് 3000,2000, 1000 രൂപ വീതം സമ്മാനം നല്‍കും. മാങ്ങാ ജ്യൂസ്, മാങ്ങ ഐസ്, മാങ്ങാ അച്ചാര്‍ എന്നിവയും മേളയ്ല്‍ ലഭിക്കും.

സൊസൈറ്റി സെക്രട്ടറി അജിത് കുരീത്തടം, തോമസ് മാത്യു, എം.രാജന്‍, പുത്തുര്‍വട്ടം ചന്ദ്രന്‍, എം.അരവിന്ദന്‍, എം.എ.ജേക്കബ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.