ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു

May 3, 2018 0 By Editor

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക.

ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 8.70 ലക്ഷം പേരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക് ഫേസ്ബുക്കിലൂടെ ചോര്‍ത്തിയത്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ തങ്ങളുടെ ഇടപാടുകാര്‍ ഉപേക്ഷിച്ചെന്നും ഇനി ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടന്നു വരികയാണ്.

അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. അന്വേഷണം തുടരുമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്കും വ്യക്തമാക്കി.