യേശുദാസിനെ വിമര്‍ശിച്ചതില്‍ ചോദ്യം ചെയ്തവര്‍ക്ക് ഷമ്മി തിലകന്റെ ചുട്ട മറുപടി

May 5, 2018 0 By Editor

കോഴിക്കോട്: യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദിച്ചയാളോട് പെരുന്തഛന്റെ മകനാണെന്ന് ഷമ്മി തിലകന്റെ മറുപടി. ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങ് വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ യേശുദാസിനെ വിമര്‍ശിച്ച് ഷമ്മി തിലകനിട്ട പോസ്റ്റിനെതിരെ കമന്റിടുന്ന സംഘപരിവാര്‍ അനുകൂലികള്‍ക്ക് അതേ നാണയത്തിലാണ് ഷമ്മി തിലകന്‍ മറുപടി പറഞ്ഞത്. പോസ്റ്റിനടിയില്‍ വരുന്ന എല്ലാ കമന്റിനും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്

നാണമുണ്ടോ മിസ്റ്റര്‍ ഷമ്മി നിങ്ങള്‍ക്ക് കൊലയാളി മന്ത്രിമാരുടെ കയ്യില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിന്‍ കഷ്ണത്തിനു വേണ്ടി ഇങ്ങനെ തരം താഴരുത് മിസ്റ്റര്‍, അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തേലുമൊക്കെ നിങ്ങള്‍ക്കു നക്കാന്‍ തരും എന്ന് കമന്റിട്ടയാളോട് ‘ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയില്‍ കേറിയപ്പൊ ഒരു പേര് നല്‍കിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ’ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

വെറും മൂന്നാം കിട തരംതാണ രാഷ്ട്രീയമല്ലാതെ ഇതില്‍ എന്താണ് പറയാന്‍ ഉള്ളത് ഷമ്മി ചേട്ടനോട് ഞാന്‍ വിയോജിക്കുന്നു എന്ന് പറഞ്ഞായാളോട് എന്നോട് വിയോജിക്കുന്നത് പോലെ, സ്മൃതിയോട് വിയോജിക്കുവാനുള്ള അവകാശം അവര്‍ക്കും ഉണ്ട്. എനിക്കും ഉണ്ട് എന്നും ഷമ്മി പറഞ്ഞു. അവര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് ഉപദേശിച്ചയാളോട് ‘ശരിയാണ്..!എന്നാലും മനുഷ്യത്വം എന്താന്ന് അറിയാത്തവര്‍ക്ക് പറഞ്ഞുകൊടുക്കണ്ടേ ബ്രോ’, എന്നായിരുന്നു ഷമ്മി പറഞ്ഞത്.

11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാര ദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ട സമയമായപ്പോള്‍ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്. ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.