ന്യൂനമര്‍ദം ശക്തമായി; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

ന്യൂനമര്‍ദം ശക്തമായി; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

April 26, 2019 0 By Editor

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രാ തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട് – ആന്ധ്രാ തീരത്ത് പതിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം 28, 29 തിയ്യതികളില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയും കാറ്റുമുണ്ടാകും. 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. 29ന് ഇത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമുള്ള സാധ്യതയും കല്‍പ്പിക്കുന്നു.

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം,വയനാട് എന്നീ ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു