പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

April 27, 2019 0 By Editor

കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നും ഹർജിയിൽ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യുഎഇ, അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76,102 രൂപ കൈപ്പറ്റിയെന്നും ആരോപിച്ചാണ് കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം. ഒരു സ്കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു .