അയോധ്യ രാമജന്മ ഭൂമി വിഷയം; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി

May 10, 2019 0 By Editor

ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ഭൂമി കേസില്‍ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി സമയം നീട്ടി നല്‍കി. ഓഗസറ്റ് 15 വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കൂടുതല്‍ സമയം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എസ്.എ.നസീര്‍, അശോക് ഭൂഷണ്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

മധ്യസ്ഥ സമിതി കോടതിക്ക് മുന്നില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും കേസില്‍ എന്ത് പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന കാര്യം ഇപ്പോള്‍ പുറത്ത് വിടില്ലെന്ന് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. അത് രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമയം നീട്ടി നല്‍കണമെന്ന ആവശ്യം മധ്യസ്ഥ സമിതി മുന്നോട്ട് വച്ചിരുന്നു. മധ്യസ്ഥ സമിതിക്ക് മുന്‍പാകെ വിവിധ കക്ഷികള്‍ക്ക് എതിരഭിപ്രായങ്ങള്‍ അറിയിക്കാന്‍ ജൂണ്‍ 30 വരെ സമയമുണ്ട്.