തൃശൂര്‍ പൂരത്തിന്റെ കോപ്പി റൈറ്റ് സോണിമ്യൂസിക്ക് സ്വന്തമാക്കിയെന്ന ആരോപണം വസ്തുതാവിരുദ്ധം; റസൂല്‍ പൂക്കുട്ടി

May 17, 2019 0 By Editor

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ കോപ്പി റൈറ്റ് സോണിമ്യൂസിക്ക് സ്വന്തമാക്കിയെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് റസൂല്‍ പൂക്കുട്ടി. ദി സൗണ്ട് സ്റ്റോറിയിലെ തന്റെ സംഗീതം ഉപയോഗിച്ചാല്‍ മാത്രമേ പകര്‍പ്പാവകാശം അവകാശപ്പെടാനാകൂ എന്നും റസൂല്‍പൂക്കുട്ടി. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ദി സൗണ്ട് സ്റ്റോറി എന്ന സിനിമക്കായി സോണി മ്യൂസികും റസൂല്‍ പൂക്കുട്ടിയും ഇലഞ്ഞിത്തറമേളം, പഞ്ചവാദ്യം, പഞ്ചാരി മേളം, തുടങ്ങിയവയുടെ കോപ്പിറൈറ്റ് വാങ്ങിയെന്നാണ് ആരോപണം . തൃശൂര്‍ പൂരം സോഷ്യല്‍ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്ത എ. ആര്‍.എന്‍ മീഡിയയാണ് ആരോപണവുമായി രംഗത്തെത്തിയത് . തങ്ങളുടെ സംപ്രേഷണം പകര്‍പ്പാവകാശവാദം ഉന്നയിച്ച് സോണി മ്യൂസിക്ക് തടസ്സപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ കോപ്പി റൈറ്റ്
സോണിക്ക് സ്വന്തമാക്കാനാകില്ലെന്നും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു .ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാങ്കേതിക വശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കി .