മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 7 വയസ്സുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 7 വയസ്സുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു

May 22, 2019 0 By Editor

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 7 വയസ്സുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. നേരത്തെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദമാക്കി.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.

ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്