ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന് കെ എസ് ആര്‍ ടി സി പിന്‍മാറുന്നു

May 27, 2019 0 By Editor

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന് കെ എസ് ആര്‍ ടി സി പിന്‍മാറുന്നു. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റുകള്‍ക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ചെയിന്‍ സര്‍വീസിലേക്ക് മാറ്റാന്‍ ഉത്തരവ് ഇറക്കി. ഇതോടെ ദീര്‍ഘദൂര യാത്രയ്ക്കായി കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് പല സ്റ്റാന്‍ഡുകളിലെത്തി ബസുകള്‍ മാറി കയറേണ്ട സ്ഥിതിയാണ്. ദീര്‍ഘദൂര സര്‍വിസുകള്‍ ഇനി ഉണ്ടാകില്ലാന്ന് മുന്‍പും ഉത്തരവ് ഇറക്കിയതായിരുന്നു. എന്നാല്‍ അത് വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് നിയമ സാധ്യത നല്‍കാന്‍ ഗതാഗത വകുപ്പ് അണിയറയില്‍ നീക്കവും സജീവമാണ്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമുള്ള ഇത്തരം ബസുകള്‍ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും ഇപ്പോള്‍ തന്നെ നിയമ വിരുദ്ധമായി ലൈന്‍ ബുക്കിങ്ങുമായി ഓടുന്നുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കോണ്‍ട്രാക്ട് ക്യാരേജുകളെ സ്‌റ്റേജ് ക്യാരേജുകളെ പോലെയാക്കുന്നത് നിയമ വിരുദ്ധമാണെന്ന് കെ എസ് ആര്‍ ടി സിലെ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു എന്നാല്‍ ഇതു മറികടന്നാണ് പുതിയ നിയമനടപടികള്‍.