പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനി കുടുംബത്തോടെ ജയിലില്‍ കഴിയാം

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനി കുടുംബത്തോടെ ജയിലില്‍ കഴിയാം

May 11, 2018 0 By Editor

ന്യൂഡല്‍ഹി: പ്രായം ചെന്നവരെ എഴുതിത്തള്ളി നിര്‍ദയം പെരുമാറുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കളും കൊച്ചുമക്കളും മരുമക്കളുമൊക്കെ ആറു മാസം വരെ ജയിലില്‍ കിടക്കേണ്ടിവരും. ശിഷ്ടകാലം ‘പൊന്നുപോലെ’ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് സ്വത്ത് തട്ടിയെടുക്കുകയും പിന്നീട് ഉറപ്പ് ലംഘിക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരിച്ചുകൊടുക്കേണ്ടി വരും.

വയോജന പീഡനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ നിയമം ഭേദഗതിചെയ്യാന്‍ തയാറാക്കിയ കരട് ബില്ലിലാണ് ഈ നിര്‍ദേശങ്ങള്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും ജീവനാംശത്തിനുമുള്ള കരട് ബില്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയത്. പൊതുജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്ന മുറക്ക് ബില്‍ പാര്‍ലമെന്റിെന്റ പരിഗണനക്കു വരും.

മക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്തി. മക്കള്‍, ചെറുമക്കള്‍, മക്കളുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍, ചെറുമക്കളുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍, ദത്തെടുത്ത മക്കള്‍ എന്നിവരെയെല്ലാം നിര്‍വചനത്തിെന്റ പരിധിയില്‍ ഉള്‍പ്പെടുത്തി. പരിപാലനം എന്നാല്‍ ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം, ചികിത്സ എന്നിവ മാത്രമല്ല. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍ ഉള്‍പ്പെടും.

പരിപാലിക്കാതെ തഴഞ്ഞാല്‍ ജീവനാംശ ട്രൈബ്യൂണലിനെ സമീപിക്കാന്‍ പ്രായം ചെന്നവര്‍ക്ക് അവകാശമുണ്ട്. പ്രതിമാസ ജീവനാംശത്തുക നിശ്ചയിക്കാന്‍ ട്രൈബ്യൂണലിന് അധികാരം ഉണ്ടായിരിക്കും. ഇപ്പോള്‍ 10,000 രൂപയാണ് ഉയര്‍ന്ന തുക. കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മക്കളാണെങ്കില്‍, കൂടുതല്‍ തുക നല്‍കുന്നതിന് നിര്‍ദേശിക്കാമെന്ന ഭേദഗതി കരടിലുണ്ട്. പ്രതിമാസ അലവന്‍സ് കൊടുക്കാതിരുന്നാല്‍ ഒരു മാസം തടവുശിക്ഷ.

സര്‍ക്കാറിനുമുണ്ട് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. രാജ്യത്തെ ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു വയോജന പരിപാലന കേന്ദ്രം സ്ഥാപിക്കണം. പ്രലോഭിപ്പിച്ച് സ്വത്ത് കൈക്കലാക്കിയ ശേഷം തിരിഞ്ഞു നോക്കാതിരുന്നാല്‍, അങ്ങനെ നേടിയ സ്വത്ത് ക്രമപ്രകാരമല്ലെന്നു വരും. വഴിവിട്ട മാര്‍ഗങ്ങളില്‍, നിര്‍ബന്ധിച്ച് തട്ടിയെടുത്ത സ്വത്തായി കണക്കാക്കി അത് മാതാപിതാക്കള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ൈട്രബ്യൂണലിന് ഉത്തരവിടാം. 60 കഴിഞ്ഞാല്‍ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കണം. ആരോഗ്യം, പാര്‍പ്പിടം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സൗകര്യങ്ങള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ സ്ഥാപനങ്ങളും ഈ പ്രായം ‘മുതിര്‍ന്ന പൗരന്‍’ എന്ന നിര്‍വചനത്തിെന്റ കാര്യത്തില്‍ ഏകീകൃതമാക്കണം.