പണം കുറവാണെന്നു പറഞ്ഞ് കരാറുക്കാര്‍ പൊതുകിണര്‍ പണി നിര്‍ത്തിവച്ചു: നിര്‍മാണം സ്വയം ഏറ്റെടുത്ത് ഒരുക്കൂട്ടം യുവാക്കള്‍

May 14, 2018 0 By Editor

മുക്കം: അഞ്ച് യുവാക്കളുടെ നേതൃത്വത്തില്‍ പൊതു ജനങ്ങള്‍ക്കായി കിണര്‍ നിര്‍മിക്കുന്നു. എസ് കമ്പനി കമ്പനി എന്നപേരില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് കിണര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്.

സജ്മീര്‍, സത്താര്‍, ശശീന്ദ്രന്‍, സാഹിര്‍, എസ്. സജീദ് എന്നിവരുടെ നേതൃത്വത്തിലാണ് മുക്കം മിനി പഞ്ചാബിലെ ഇരുവഞ്ഞിപ്പുഴയ്ക്കരികില്‍ കിണര്‍ നിര്‍മിക്കുന്നത്. എഴുപത് കുടുംബങ്ങള്‍ക്ക് സ്‌നേഹജലം ഒരുക്കുന്നതിനായി പുലര്‍ച്ചെ അഞ്ചുമുതല്‍ എട്ട് വരെ കൈ മെയ്യ് മറന്ന് അധ്വാനിക്കും. പിന്നീട് രാവിലെ എട്ടിന് ശേഷം ഇവര്‍ ജോലിക്ക് പോകാനായി പിരിയും. ആറ് മീറ്ററിലധികം ആഴവും അഞ്ച് മീറ്റര്‍ വ്യാസവുമാണ്് കിണറിനുള്ളത്. തീര്‍ത്തും അവിചാരിതമായാണ് കൂട്ടായ്മ കിണര്‍ നിര്‍മാണം ഏറ്റെടുത്തത്. മുക്കം നഗരസഭയുടെ 2017 18 വര്‍ഷത്തെ ഓണ്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പദ്ധതിക്കായി ജലസ്രോതസുകള്‍ നിര്‍മിക്കാനായിരുന്നു തീരുമാനം.

ഓരോ ജലസ്രോതസിനും നാല് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച തുക കുറവാണെന്ന കാരണം പറഞ്ഞ് സ്ഥിരം കരാറുകാര്‍ നിര്‍മാണം ഏറ്റെടുക്കാതയായി. ഒടുവില്‍ തുക അസാധുവാകുമെന്നു കണ്ടപ്പോള്‍ കിണര്‍ നിര്‍മാണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.