അഴിമതിക്കേസില്‍ ജയിലിലായ ഖാലിദ സിയയ്ക്ക് ജാമ്യം

അഴിമതിക്കേസില്‍ ജയിലിലായ ഖാലിദ സിയയ്ക്ക് ജാമ്യം

May 17, 2018 0 By Editor

ധാക്ക: അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബംഗ്ലാ പ്രതിപക്ഷ ബിഎന്‍പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

ഖാലിദ സിയ നല്‍കിയ അപ്പീലിന്മേല്‍ ജൂലൈ 31നകം തീര്‍പ്പു കല്പിക്കണമെന്നു ഹൈക്കോടതിക്കു സുപ്രീംകോടതി നിര്‍ദേശവും നല്‍കി. സിയാ ഓര്‍ഫനേജ് ട്രസ്റ്റിനു കിട്ടിയ വിദേശ സംഭാവന തിരിമറി നടത്തി തട്ടിയെടുത്തെന്നാണു ഖാലിദയുടെ പേരിലുള്ള കേസ്.

ഫെബ്രുവരിയില്‍ കോടതി അവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ നല്‍കി. സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് അഞ്ചുകേസുകളിലുള്ള അപ്പീലുകള്‍ തീര്‍പ്പാക്കാനുള്ളതിനാല്‍ ഖാലിദയുടെ ജയില്‍മോചനം നീണ്ടുപോയേക്കും. ധാക്കയിലെ നിസാമുദ്ദീന്‍ റോഡ് ജയിലിലാണ് 72കാരിയായ ഖാലിദ സിയയെ പാര്‍പ്പിച്ചിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ ഖാലിദ മത്സരിക്കുന്നതു തടയാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസുകളാണിവയെന്ന് പ്രതിപക്ഷ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നു ഷേക്ക് ഹസീനയുടെ ഭരണകൂടം പറഞ്ഞു.