മാന്‍ ബുക്കര്‍ പുരസ്‌കാരം ഓള്‍ഗ ടോക്കര്‍ചുക്കിന്

May 23, 2018 0 By Editor

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി സമ്മാനത്തുകയായ 67,000 ഡോളര്‍ (50,000 പൗണ്ട്) ടോക്കര്‍ചുക് പങ്കിട്ടു. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരി കൂടിയാണ് ഓള്‍ഗ.

പോളണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവാണ് ഓള്‍ഗ. ഇവര്‍ ഇതുവരെ എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്. പ്രൈമിവെല്‍ ആന്‍ഡ് അദെര്‍ ടൈംസ്, ദ ബുക്ക്‌സ് ഓഫ് ജേക്കബ്, റണ്ണേഴ്‌സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ് എന്നിവയാണ് ശ്രദ്ധേയ രചനകള്‍. നിരവധി ഭാഷകളിലേക്ക് ഓല്‍ഗയുടെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

100 ലധികം നോവലുകള്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കറിനായി പരിഗണിച്ചിരുന്നു. 1990കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍ചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.